ഗാസ പുനര്‍നിര്‍മാണം: 20,000 സൈനികരെ പാക്കിസ്ഥാന് ഗാസയിലേക്ക് അയയ്ക്കും
ഇസ്ലാമാബാദ്: യുദ്ധാന്തര ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും പലസ്തീനുമിടയില്‍ സംരക്ഷണ സേനയെ പോലെ പാകിസ്ഥാന് സൈനികര്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഗാസയിലേക്ക് 20,000 സൈനികരെ പാക്കിസ്ഥാന് അയയ്ക്കും.
പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്‍വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില്‍ നടന്ന രഹസ്യ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയിൽ വിന്യസിക്കാൻ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും ഗാസയിലെ ഭാവി നിർണയിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിച്ചേക്കാം.